Friday 24 April 2015

ശോഭ, ഒരു നഷ്ടവസന്തം!



 എഴുപതുകളിലെ ഒരുപിടി നല്ല സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ശോഭയെ മറക്കാനാവില്ല. മലയാളിയുടെ സൗന്ദര്യ സങ്കല്‍പ്പവും സിനിമയിലെ നായികാ സങ്കല്‍പ്പവും ഇന്നത്തേതിലേക്ക് ചുവടുമാറുന്നതിന് മുന്‍പ് കൃശഗാത്രയായ ശോഭ അഭിനയ പാടവം ഒന്നുകൊണ്ടുമാത്രം നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കി. മാദക സൗന്ദര്യത്തിന്റെ പുറംമോടികളില്ലാതെ കുസൃതിക്കുടുക്കയായും ദു:ഖ പുത്രിയായും കാമുകിയായുമെക്കെ മലയാളികളുടെ മനസില്‍ ഇടംനേടി. ഒടുവില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ജീവിതത്തില്‍ നിന്നുള്ള വിടവാങ്ങല്‍. ശോഭ ഓര്‍മ്മയായിട്ട് 35 വര്‍ഷമായി.

തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ ശോഭയുടെ കഥാപാത്രങ്ങളേറെയും ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ പ്രതിഫലിക്കുന്നവയായിരുന്നു. ഉള്‍ക്കടലിലെ റീന, ഏകാകിനിയിലെ ശോഭന, ബന്ധനത്തിലെ തങ്കം, എന്റെ നീലാകാശത്തിലെ മാലതി തുടങ്ങിയ എത്രയെത്ര മറക്കാനാവാത്ത കഥാപാത്രങ്ങള്‍.

നീലക്കുയിലിലെ ഉപനായികാ വേഷംകൊണ്ട് ശ്രദ്ധനേടിയ പ്രേമയുടെ ഏകമകളായി 1962 ല്‍ മദ്രാസിലാണ് ശോഭ ജനിച്ചത്. സിനിമാരംഗത്ത് മകളെ പ്രശസ്തയാക്കണമെന്നതായിരുന്നു പ്രേമയുടെ ജീവിതാഭിലാഷം. അമ്മയില്‍നിന്ന് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ശോഭയ്ക്ക് സിനിമയിലെ രംഗപ്രവേശം ബിദ്ധിമുട്ടായിരുന്നില്ല. എം.കൃഷ്ണമൂര്‍ത്തി നിര്‍മ്മിച്ച് ' തട്ടുങ്കള്‍ തുറക്കപ്പെടും' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് ബാലതാരമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഗീതാഞ്ജലിയുടെ ബാനറില്‍ 1967 ല്‍ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭ മലയാളത്തില്‍ ബാലതാരമായി എത്തിയത്. കെ.പി.ഉമ്മറിന്റെ മകളുടെ വേഷമാണ് ശോഭ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1971 ല്‍ 'കരകാണാക്കടല്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. അവള്‍ അല്‍പം വൈകിപ്പോയി, ഉമ്മാച്ചു, സിന്ദൂരച്ചെപ്പ്, മയിലാടുംകുന്ന്, പുത്രകാമേഷ്ടി, ഭദ്രദീപം, ഉദയം, വീണ്ടും പ്രഭാതം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പിന്നീട് ബാലതാരാമായി തിളങ്ങി.

ജി.എസ്.പണിക്കര്‍ സംവിധാനം ചെയ് ത ഏകാകിനിയാണ് ശോഭ നായികയാകുന്ന ആദ്യ മലയാള ചിത്രം. എം.ടി.വാസുദേവന്‍ നായരുടെ 'കറുത്ത ചന്ദ്രന്‍' എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഇത്. 1975 ല്‍ സിനിമ പൂര്‍ത്തിയായെങ്കിലും 1978 ലാണ് വെളിച്ചംകണ്ടത്. 1977 ല്‍ പുറത്തിറങ്ങിയ 'കോകില' എന്ന കന്നഡ സിനിമയായിരുന്നു ശോഭ നായികയായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിന്റെ സംവിധായകന്‍ ബാലു മഹേന്ദ്രയുമായുള്ള സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.

ബാലു മഹേന്ദ്രയുമായുള്ള അതിരുകടന്ന സ്‌നേഹബന്ധം വിവാഹത്തിലും പിന്നീടുണ്ടായ ദുരന്തത്തിലും ചെന്നെത്തുമെന്ന് ആരും കരുതിയിരുന്നില്ല. താന്‍ പല തിരക്കഥകളും എഴുതുന്നത് ശോഭയെ മനസില്‍ കണ്ടുകൊണ്ടാണെന്ന് അക്കാലത്ത് ബാലു മഹേന്ദ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സൈക്കോ, സമ്മര്‍ ഓഫ് 42 എന്നീ ഹോളിവുഡ് സിനിമകളുടെ ചുവടുപിടിച്ച് ബാലുമഹേന്ദ്ര തിരക്കഥയെഴുതിയ 'മൂടുപനി', 'അഴിയാത കോലങ്ങള്‍' എന്നീ ചിത്രങ്ങള്‍ ശോഭയുടെ അഭിനയ മികവിലൂടെ ശ്രദ്ധേയമായവയാണ്.

ദുരൈ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച 'പശി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശോഭയ്ക്ക് ഉര്‍വ്വശി അവാര്‍ഡ് ലഭിച്ചത്. പഴയ കടലാസുകള്‍ പെറുക്കി വിറ്റ് ജീവിക്കുന്ന കുപ്പമ്മ എന്ന കഥാപാത്രത്തെയാണ് 'പശി' യില്‍ ശോഭ അവതരിപ്പിച്ചത്. ഈ ചിത്രം തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി 100 ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ടു. ചിത്രം പുറത്തുവന്നതോടെ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ബാലു മഹേന്ദ്രയുമായുള്ള ശോഭയുടെ രഹസ്യ വിവാഹത്തെക്കുറിച്ച് വിവാദങ്ങളും പരന്നു. പശിയുടെ വിജയത്തോടെ നായികയുടെ വിവാഹത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളും പ്രചരിച്ചു.

എല്ലാ വിവാദങ്ങളും അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ 1980 മെയ് 1 ന് ശോഭ ഒരു പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചു. പത്രസമ്മേളനത്തിനും പശിയുടെ വിജയാഘോഷത്തിനുമുള്ള ക്ഷണക്കത്തുകള്‍ നിരവധിപേര്‍ക്ക് ശോഭ അയച്ചിരുന്നു. എന്നാല്‍ അന്നേദിവസം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ശോഭ സാരിത്തുമ്പില്‍ ജീവനൊടുക്കുകയായിരുന്നു. വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളും അഭിപ്രായ ഭിന്നതകളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കഥകള്‍ പ്രചരിച്ചു.

ശോഭയുടെ മരണം ഉയര്‍ത്തിയ വിവാദങ്ങള്‍ പിന്നീട് സിനിമയായും പുറത്തിറങ്ങി. 1993 ല്‍ കെ.ജി.ജോര്‍ജ്ജ് സംവിധാനം ചെയ്ത 'ലേഖയുടെ മരണം ഒരു ഫ്ഌഷ് ബാക്ക്' എന്നചിത്രം ശോഭയുടെ ജീവിതത്തെയും മരണത്തെയും തെറ്റായി ചിത്രീകരിക്കുന്നതാണെന്ന വിവാദമുയര്‍ന്നു. എന്നാല്‍ പീന്നീട് വിവാദങ്ങള്‍ കെട്ടടങ്ങി.

'എന്റെ നീലാകാശം' എന്ന സിനിമയിലെ പ്രകടനം1978 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിന് ശോഭയെ അര്‍ഹയാക്കി. 1977ല്‍ ഓര്‍മ്മകള്‍ മരിക്കുമോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള അവാര്‍ഡും ശോഭ സ്വന്തമാക്കി. ശോഭയുടെ വേർപാട് എന്തുകൊണ്ടോ ഒരു നൊമ്പരം സൃഷ്ടിക്കുന്നു. എന്റെ ജനനത്തിനു മുൻപേ ഈ ഭൂമിയിൽ നിന്നും അവർ പോയിക്കഴിഞ്ഞെങ്കിലും.....